Thursday, 19 February 2015

നിണമണിഞ്ഞ ഗുല്‍മോഹറുകള്‍....


സെമിത്തേരിയിലെന്നവണ്ണം നിശബ്ദമായിരുന്നു അന്ന്. പൊതുവേ പ്രഭാതത്തിലെ പക്ഷികലംബലുകള്‍പോലെ ശബ്ദമുഖരിതമാവുന്ന കലാശാലാങ്കണം വെയിലേറ്റു നരച്ച ഉച്ചപോലെ ദുഖിച്ചു വിളര്‍ത്തു കിടന്നു. ഇന്ന് അവസാന പരീക്ഷയാണ്. പല ബന്ധങ്ങളുടെയും കണ്ടു മുട്ടലുകളുടെയും അന്ത്യവും. വ്യാസയിലെ വാകമരതണലിലെ കരിങ്കല്‍ മതിലിന്നരുകില്‍ ഒരു കാല്‍ പിന്നോട്ട് മടക്കി പാദം മതിലിനോട് ചേര്‍ത്തുവെച്ച് ഇടതു കൈകൊണ്ട് മതിലില്‍ പറ്റിചേര്‍ന്ന് പുതഞ്ഞു കിടക്കുന്ന പച്ചപൂപ്പലുകള്‍ അടര്‍ത്തി കൊണ്ടിരുന്നു. ആരോടോ വാശി തീര്‍ക്കാനെന്ന വണ്ണം സിഗരറ്റ് ആഞ്ഞു വലിക്കുകയും. പുക അന്തരീക്ഷത്തില്‍ വൃത്തം വരച്ചു വലുതായി വായുവിലുയര്‍ന്നു ലയിച്ചു. ഉയരുന്ന വെളുത്ത പുകയില്‍ റാണിയുടെ മുഖം തെളിയുന്ന പോലെ തോന്നി. പകുതി വലിച്ചുതീരുമ്പോഴേക്കും അവള്‍ പലപ്പോഴും പിടിച്ചു വാങ്ങി വലിച്ചെറിയാറുണ്ട്. എന്നിട്ട് പറയും..
ഓ..... നിക്ക് സിഗരറ്റിന്റെ മണം ഷ്ടാണെന്നു പറഞ്ഞത് പ്പോ വല്യേ കഷ്ടായി.. അതിന്റെ പേരില്‍ വലിച്ചു കൂട്ടന്നെ കൂട്ടന്നെ ഒരാള്... ചുണ്ട് തേരട്ട പോലെ കറക്കണത് കാനാല്യെ....
ഞാന്‍ നാവു കൊണ്ട് ചുണ്ട് നനച്ചു ചുവപ്പിക്കാന്‍ ശ്രമിക്കും. അവള്‍ പാതിവിടര്‍ന്ന ചിരി പിടിച്ചുവെച്ച് ഗൗരവം ചുണ്ടുകളില്‍ തേച്ചു പിടിപ്പിക്കും. നാളെ നല്ലപാതിയാവാന്‍ പോകുന്നതിന്റെ അധികാരം അവളുടെ മിഴികളില്‍ കത്തി നില്‍ക്കുമപ്പോള്‍. അതു കാണുക ഒരു സുഖലഹരിയാണ്.
വ്യാസയിലെ രസതന്ത്രലാബിലെ അലമാരക്കും ബീക്കറുകള്‍ക്കും കഥകള്‍ അയവിറക്കാന്‍ വിട്ടു ഇന്ന് കോളേജ് വിടുകയാണ്.. കലാലയ ജീവിതത്തിന്‍റെ അവസാനനാള്‍ അടുക്കുന്തോറും ആധിയായി തുടങ്ങിയിരുന്നു. ഇനിയെന്തു എന്ന ചോദ്യം മത്സ്യത്തിന്റെ വായില്‍ പെട്ട ചൂണ്ടകൊളുത്ത് പോലെ ഉള്ളില്‍ മുറിവുകള്‍ വീഴ്ത്താന്‍ തുടങ്ങി.... ? ജീവിതഭാരത്താല്‍ അമ്മയുടെ ഒട്ടിയ കവിളും അകാലനര വീണ തലയും കുഴിയിലാണ്ട കണ്ണുകളും കണ്ടു തലകുനിച്ചു ഇനി വീട്ടിലിരിക്കുക വയ്യ. പ്രണയം പറയാതെ, അറിയാതെ, വെള്ളവും വളവുമിടാതെ അങ്ങ് വളര്‍ന്നതാണ്. ആശിച്ചതല്ല; അര്‍ഹതപെട്ടതും. കോളേജില്‍ പഠിക്കുമ്പോള്‍ ഒരു പ്രണയമുണ്ടാവുക എന്നത് പഠനത്തിന്റെ ഭാഗം പോലെയാണ് തോന്നിയത്. കുത്തികുറിക്കലുകള്‍ വായിച്ചു, കണ്ണുകളില്‍ ആരാധനയുടെ തിരയിളക്കവുമായി തന്നെ തേടി അവള്‍ വന്നപ്പോള്‍, പാതി വയറുമായി പടയോട്ടങ്ങളില്‍ പിന്തിരിഞ്ഞവന് എന്തുകൊണ്ടോ വേണ്ടെന്നു വെക്കാനായില്ല. വായനയും പ്രണയവും വിശപ്പ്‌ മറക്കാനുള്ള മറുമരുന്നായത് അങ്ങിനെയാണ്.
പേര് പോലെ തന്നെ ഒരു രാജകുമാരിയായി ജീവിക്കുന്ന, നാളെ ഒരു രാജാവിന്റെ റാണിയാവേണ്ട സുഭഗസൌന്ദര്യസുജാതജന്മ്മത്തിന്റെ ജീവിതം കരിന്തിരി കത്തിയപോലെയാവാന്‍ മനസ്സ് മടിച്ചു. ജീവിതത്തില്‍ പലതും വിധിച്ചിട്ടില്ല എന്ന് കുഞ്ഞുനാളില്‍ മുതല്‍ സമാധാനിച്ചു പഠിച്ചതിനാല്‍ റാണിയെ കയ്യകലത്തില്‍ നിര്‍ത്താന്‍ വിഷമമുണ്ടായില്ല. പതിയെ അകലം കൂട്ടി കൂട്ടി കരള്‍ പറിയുന്ന വേദനയോടെ അവളെ അകലത്തിലാക്കി . അകല്‍ച്ചയുടെ കാരണങ്ങള്‍ അവള്‍ കുത്തി നോവിച്ചു ചോദിച്ചില്ല. ഒന്നും മനസിലാവാഞ്ഞിട്ടും പരിഭവം പറയാതെ തന്റെ കണ്ണില്‍പെടാതെ തല കുനിച്ചു നടന്നു.
സുധേട്ടാ.. ആ സിഗരറ്റ് കളയൂട്ടോ ... മതി വലിച്ചു കയറ്റീത്.
മനസ്സിന്റ വ്യാപാരങ്ങളെ തട്ടിയുണര്‍ത്തിയ ശബ്ദം തിരിച്ചറിഞ്ഞു തിരിഞ്ഞു നോക്കി. പഠനത്തിന്റെ കനത്തഭാരം കണ്ണിൽ കറുപ്പെഴുതി, എപ്പഴോ ഒന്ന് കരഞ്ഞതിന്‍റെ കരിമഷി പടര്‍ന്ന കവിളുമായി അവള്‍ തൊട്ടടുത്ത്‌ വേനല്‍മഴയുടെ ആലിപ്പഴച്ചിരി പൊഴിച്ചു നിന്നു. ഗുൽമോഹറുകൾക്ക് എക്യദാർഢ്യം പ്രഖ്യാപിച്ചു അവളുടെ മിഴികള്‍ ചുവന്നിരുന്നു. ഒന്ന് മന്ദഹസിക്കാന്‍ ശ്രമിച്ചു വിഡ്ഢിചിരിയായി പരാജയപ്പെട്ടു ഒരു പൊട്ടനെ പോലെ നിന്നു. മാറോട് ചേര്‍ത്തു പിടിച്ച ഫയലിന്റെ അറ്റം കടിച്ചു കൊണ്ട്, വികൃതികാട്ടുന്ന മുടിയിഴകളെ ചെവിക്കു പിറകില്‍ ഒതുക്കിയിടാന്‍ പാടുപെട്ടു അവള്‍ എന്റെ കണ്ണുകളിലേക്കു നോക്കി. പറങ്കിമാവുകളെ തഴുകി വരുന്ന കാറ്റിന് കശുമാങ്ങയുടെ ഗന്ധമുണ്ടായിരുന്നു. റബ്ബര്‍ മരങ്ങളിലെ ഒട്ടുപാലിന്റെ ചൂര് കലര്‍ന്നതിനാൽ മദഗന്ധവും. പാലപൂ വിരിയുന്ന രാത്രികളില്‍ ഒഴുകി വരുന്ന അരുതായ്കയുടെ മണം. കാറ്റില്‍ അവളുടെ മുടിയടരുകള്‍ കണ്ണിലും കവിളിലും പാറി വീണു. പൂത്തു നില്‍ക്കുന്ന വാകമരത്തില്‍ നിന്ന് പ്രണയമലരുകള്‍ ഇടവേളകലില്‍ ദലമർമ്മരം പൊഴിച്ചടര്‍ന്നു വീഴുകയും.
ഉച്ചകളില്‍ പച്ചയുടുപ്പിട്ട മൊട്ടുകളില്‍ നിന്ന് പറിച്ചെടുത്ത ശീകരങ്ങള്‍ കൊണ്ട് പരസ്പരം കൊരുത്തു യുദ്ധം ചെയ്യുമായിരുന്നു ഞങ്ങള്‍. ഞാനെപ്പോഴും തോറ്റുകൊടുക്കുന്ന യുദ്ധം. എനിക്ക് ചിരപരിചിതമായ പരാജയത്തിന്റെ ആവര്‍ത്തനം. ജയിച്ച ലഹരിയില്‍ അവള്‍ തരുന്ന ഒരു നുള്ളിന്റെ സുഖനോവിനായി ജീവിതം മുഴുവന്‍ തോല്‍ക്കാന്‍ തെയ്യറാണെന്നു അവളോട്‌ പറയാതെ പറഞ്ഞ നാളുകള്‍. പലപ്പോഴും വാപൊത്തി ചിരിക്കുന്ന അവളുടെ വെളുത്ത കൈലെസോ, മാറിലമരുന്ന പുസ്തകമോ, തൊടുന്ന വട്ടപോട്ടോ, അഴക്‌ വിടര്‍ത്തിയെഴുതുന്ന കണ്‍മഷിയോ, മുഖത്തേക്ക് പാറി പടരുന്ന മുടിയിഴകളോ ആയിരുന്നെങ്കില്‍ എന്നാശിക്കുമായിരുന്നു. അവളെ തൊട്ടിരിക്കാന്‍ എന്തുമാകാന്‍ തെയ്യാറായിരുന്നു കൌമാരതുടിപ്പുകളില്ലാത്ത പട്ടിണിയുടെയും അപകര്‍ഷതയുടെയും പഷ്ണികോലം.
ഞാനെന്തിന്കിലുമൊക്കെ പറയുമെന്ന് പ്രതീക്ഷിച്ചവസാനം അവള്‍ ചോദിച്ചു..
എഴുത്വോ നിക്ക്....
ഇരുപത്തഞ്ചു പൈസയുടെ കാര്‍ഡ് വാങ്ങി പ്രണയം പുതുക്കണമെങ്കില്‍ അമ്മയുടെ വിയര്‍പ്പിന്റെ പങ്കു പാററണമെന്നു അവള്‍ മറന്നു കാണും. എഴുതില്ലെന്നു മനസ്സില്‍ ആവര്‍ത്തിച്ചുറപ്പിച്ചു പറഞ്ഞു...
എഴുതാം...
അവള്‍ വിശ്വസിച്ചപോലെ ദീര്‍ഘമായി നിശ്വസിച്ചു. അവളുടെ നിശ്വാസത്തിനു ചിലപ്പോള്‍ ചാമ്പക്കയുടെ മണമാണ്. ചിലപ്പോള്‍ അരിനെല്ലിക്കയുടെയും. ഉമിക്കരി കൊണ്ട് പല്ലുതേക്കുന്ന എന്റെ വായ്ക്കു സിഗരറ്റു മണം മാത്രമുണ്ടായത് ഒരു രക്ഷയായിരുന്നു. മുടികെട്ടിലേക്ക് പുകയൂതി വിടുമ്പോള്‍ അവള്‍ പറയും..
സുധേട്ടന്റെ വിരലുകളെക്കാള്‍ എന്നെയുണര്‍ത്തുന്നത് ഈ പുകച്ചുരുളുകളാണ് . സുധേട്ടന്റെ ഉച്ച്വാസവായുവും വായിലെ നനവും ചേര്‍ന്ന, പ്രണയത്തിന്റെ ചൂടും ചൂരുമുള്ള പുകചുരുളുകള്‍...
എത്രാ വേഗാ സുധേട്ടന്‍ മാറ്യേ... ന്റെ കുറ്റം ന്താണെന്നു നിക്ക് തു വരേം മന്സിലായിട്ടില്യാ ട്ടോ.. സാരല്യെ.. വല്യേ സാഹിത്യകാരനോക്കെ ആവുമ്പോ ഏതേലും കതേല് ഈ പൊട്ടി പെണ്ണിന് ഒരു സ്ഥാനം തന്നാ മതി. നിക്കത് ധാരാളം. ന്റെ കുട്ട്യോള്‍ക്ക് പോട്ടം കാണിച്ചു കൊടുത്ത് പറയാലോ ന്റെ കൂടെ പഠിച്ച ആളാ ന്ന്..
വാക്കുകള്‍ അവിടെ മുറിഞ്ഞു വീണു പിടഞ്ഞു. തേങ്ങലുകള്‍ കാറ്റിനോട് കലമ്പി തമ്മില്‍ കലരാതെ വേറിട്ട്‌ നിന്നു. കണ്ണീരു തുടക്കാതെ അവള്‍ കൈലേസും കാലവും മറന്നു നിന്നു. നൊമ്പരം താങ്ങാനാവാതെ, കദനഭാരത്താല്‍ രണ്ടു മൂന്നു ഗുല്‍മോഹറുകള്‍ പൊഴിഞ്ഞു വീണു. ചുവന്ന മൂക്കിനുമേല്‍ കണ്ണീരാല്‍ ഒട്ടിയ ഒരു പൂവിതള്‍ പറിച്ചെടുത്തു മതിലിനു മേലവള്‍ വെച്ചു.
ഓര്‍മ്മെണ്ടോ സുധെട്ടന്...അന്നോരിക്കെ ഞാന്‍ ചോയിചില്ലേ കണ്ണീരു അസിഡിക് ആണോ അതോ ആല്‍ക്കലിയാണോ ന്ന്... അന്ന് സുധേട്ടന്‍ പറഞ്ഞു.. നീ കരഞ്ഞു കണ്ണീരു വീഴ്ത്തി നീലലിട്മസ് പേപ്പര്‍ ചുവക്കുന്നുണ്ടോന്നു നോക്കീട്ടു എന്ന് സ്വയം കണ്ടു പിടിക്കൂ ന്ന്..
അവള്‍ ഒന്ന് നിര്‍ത്തി. ഞാന്‍ നിലത്തു വേരുറപ്പിച്ചുവെച്ച മിഴികളുയര്‍ത്തി അവളെ നോക്കി. അവള്‍ കൈലേസെടുത്ത് മുഖം തുടച്ചു. പാതി പിളര്‍ന്ന ചുണ്ടുകളിലെ നനവില്‍ നിന്ന് വേര്‍പെടാന്‍ മടിച്ച രണ്ടു മുടിയിഴകളെ വലിച്ചെടുത്തു ഒതുക്കിവെച്ചവള്‍ മുഴുമിച്ചു.
ഞാന്‍ കണ്ടു പിടിച്ചു സുധെട്ടാ... കണ്ണീരു അസിടിക് ആണ് .. ദാ നോക്ക്യേ...
കുറച്ചു നീലലിട്മസ് ചുരുളുകള്‍ അവള്‍ എന്റെ നേരെ നീട്ടി. വാങ്ങി നിവര്‍ത്തി നോക്കിയപ്പോള്‍ പലയിടത്തും ഭൂപടങ്ങള്‍ വരച്ചിട്ടപോലെ ചുവന്നു തുടുത്തിരിക്കുന്നു. ഞാന്‍ ദയനീയതയുടെ നിസഹായരൂപം പൂണ്ടു വിളിച്ചു..
റാണീ.....
സുധേട്ടാ... പുരുഷന്മാര്‍ പ്രണയത്തിന്റെ അടയാളങ്ങള്‍ ഒന്നും സൂക്ഷിച്ചു വെക്കില്ലെന്നറിയാം. എന്റെ കയ്യില്‍ ഇനിയുമുണ്ട് സായംസന്ധ്യപോലെ ചുവന്നുപോയ നീലലിട്മസ്സുകള്‍.. സുധേട്ടന്‍ ഈ ഗുല്‍മോഹറുകള്‍ക്കിടയില്‍ ഇതുപെക്ഷിച്ചോളൂ.. പൊതുവേ ജീവിതഭാരത്താല്‍ ക്ഷീണിതനായ സുധേട്ടന്‍ ഞാന്‍ തന്ന ഭാരങ്ങള്‍ ഇവിടെയിറക്കി വെച്ച് കലാശാലായുടെ പടിയിറങ്ങൂ.. കലകൌമുദീം മാത്രുഭൂമീം ഞാന്‍ എപ്പോഴും വാങ്ങും ട്ടോ. നിക്കറ്യാം ഇതില് രണ്ടിലും അല്ലാതെ സുധേട്ടന്‍റ്റെ കഥ വരില്യാ ന്നു..
ഞാന്‍ പോവ്വാ....
വാക്കും വചനവും അനര്‍ഗളമൊഴുകുന്ന എന്റെ നാവു തളര്‍ന്നുതന്നെ കിടന്നു. അവൾ നടന്നകന്നപ്പോൾ ചാമ്പക്കമണത്തോടൊപ്പം കശുമാങ്ങാമണമുള്ള കാറ്റും പിണങ്ങി പതിയെ പിന്‍വാങ്ങി.
നടന്നു നീങ്ങുന്ന അവളുടെ ഉപ്പൂറ്റിയില്‍ പറ്റിചേര്‍ന്ന മൺധൂളികളിലോന്നാവാന്‍ കൊതിച്ചു,
മടമ്പില്‍ ചേര്‍ന്നുരയുന്ന പാവാടഞൊറിയിലെ നൂലാകാന്‍ കൊതിച്ചു,
അവള്‍ ശ്വസിക്കുന്ന പ്രാണവായുവിലെ കണമാവാന്‍ കൊതിച്ചു,
കാലത്തെ പഴിച്ചു കരള്‍ വേവുന്ന കനലില്‍ വിയര്‍ത്തു നിന്നു.
കല്ലായി പോയ കൈകള്‍ കൊണ്ട് ലിട്മസ് പേപ്പര്‍ വിടര്‍ത്തി വീണ്ടും നോക്കി. രണ്ടുതുള്ളി കണ്ണുനീര്‍ വീണു കടലാസിലെ രണ്ടിടങ്ങള്‍ കൂടി ചുവന്നു. മതിലില്‍ അവള്‍ ഒട്ടിച്ചു വെച്ച പൂവിതളെടുത്തു കടലാസ്സില്‍ പൊതിഞ്ഞു മുറുകെ പിടിച്ചു.
കൈവിട്ടു പോവുന്ന എന്തോ ഒന്നിനെ തിരിച്ചു പിടിക്കാനുള്ള പിന്‍വിളിയെന്നോണം പറയാന്‍ കൊതിച്ച വാക്കുകള്‍ ചുവന്നു തുടുത്ത ഗുല്‍മോഹറുകളില്‍ വീണു നിണമുതിര്‍ത്തു. ..

No comments:

Post a Comment