എവിടെയോ കണ്ടുമറന്ന കൃഷ്ണന്റെ കള്ളച്ചിരി കണ്ടുകൊണ്ടാണ് എണീറ്റത്. വൈകിയാല്‍ അവന്‍ ദേഷ്യപ്പെടും. വേഗം കുളിച്ചു മുണ്ടും നേരിയതുമുടുത്തു. തുണിസഞ്ചിയുമെടുത്ത് വേലിക്കലേക്ക് ചെന്നു വിളിച്ചു.
ലക്ഷ്മ്യെ...
പല്ല് തെച്ചുകൊണ്ട് നിന്ന ലക്ഷ്മി വിളികേട്ട് വായില്‍ നിന്ന് വിരലെടുക്കാതെ കണ്ണു വട്ടത്തില്‍ വിടര്‍ത്തി മൌനചോദ്യം വേലിക്കു മുകളിലൂടെയെറിഞ്ഞു..
ന്താപ്പോ വസ്ത്രോക്കെ മാറി.. എവടെക്കാ.
ഒന്നു ഗുരുവായൂര്‍ക്ക് പൂവാട്ട്വോ.. കുറച്ചീസായി ഭഗവാന്‍ ങ്ങനെ സ്വപ്നത്തില് വന്നു ചിരിക്ക്യാ. ന്നെ കാണണം ന്നു തോന്നണില്യെ ന്നു ചോയിക്ക്യാ.. പോണം പോണം ന്ന് ശ്ശി ആയി നിക്കും ണ്ട്.. പക്ഷേ ആരാ കൊണ്ടാവാന്‍.. ആയകാലത്ത് സമയം കിട്ടുമ്പോ കിട്ടുമ്പോ ഞാന്‍ വന്നു കണ്ടേര്‍ന്നില്ലേ നെന്നെ.. നിക്ക് വയ്യാന്റായ വെവരം ഭഗവാന്‍ അറിഞ്ഞില്യാ ന്നു ണ്ടോ.. നു ഞാനങ്ങട്ടാ ചോദിച്ചു.. അപ്പഴും അങ്ങേരു ചിരിയോടെ ചിരി..
ന്റെ ലക്ഷ്മ്യെ, വാര്‍ധക്യപെന്‍ഷന്‍ ആണെങ്കി ഒന്നിനൊന്നിനും തെകേണില്യ . എത്രാച്യട്ടാ അവനെ ങ്ങനെ ഒരോന്നിനും കഷ്ടപ്പെടുത്വാ.. കൊഴംബിനും എണ്ണംക്കും ഗുളികക്കും തന്നെ നല്ല സംഖ്യവാണുണ്ട്. പാരമ്പര്യായിട്ട് അവനു കൊടുക്കാ ന്റ്റെല് വല്ലതൂണ്ടാർന്നോ... ? കുടുംബചെലവ് കൊണ്ടന്നെ അവന്‍ ശ്വാസം മുട്ടാ.. ഒന്ന് ഗുരുവായൂര്‍ക്ക് പോവാടാ ന്നു പറഞ്ഞപ്പം അവന്‍ ദേഷ്യപ്പെട്ടു ചാടികളിച്ചു. ന്നോട് ഒന്നൂം ഇന്ടായിട്ടല്ല ട്ടോ .. എല്ലാംകൂടി അവനു താങ്ങണ്ടേ..? ബസ് കാശും വഴിപാടും ഒക്ക്യായിട്ടു ഒരു നൂറു നൂറ്റംപതു ഉറുപ്പ്യേന്കിലും വേണം.. അവനാണെങ്കി ദൈവം ന്നു കേള്‍ക്കണത് തന്നെ കൊറച്ചു കാലായിട്ട് കല്യാ... എത്ര ഒക്കത്ത് വെച്ച് കൊണ്ടയിതാ കണ്ണന്റെ അടുത്തേയ്ക്കവനെ..
തികട്ടിവന്ന കണ്ണുനീർ തുടച്ചു. ദീർഘനിശ്വാസത്തിന് ഇടവേളയിട്ടു. ലക്ഷ്മി വായും മുഖവും കഴുകി വേലിയരുകിലെത്തി. കഞ്ഞിമുക്കി വടിപോലിരിക്കുന്ന ഒറ്റമുണ്ട് അമർത്തിയൊതുക്കി പറഞ്ഞു.
കഷ്ടപ്പാടോണ്ടാവും. രണ്ടു കുട്ട്യോളെ പഠിപ്പിക്കണം.. അവള്‍ക്കാണെങ്കി നിറത്തിനൊപ്പിച്ചു തുണീം ആഭരണങ്ങളും ഇടണം. അതിനെ കുറ്റോം പറഞ്ഞിട്ടും കാര്യല്യാ. ചെറുപ്രായല്ലേ.. ചുറ്റും കാണണത് അതും അങ്ങട് ചെയ്യുണൂ.. ഇന്‍ടോ ല്യേ ന്നോ രു നോട്ടൊന്നും ല്യാ. ന്റെ കാര്യല്ലേ അവനു വേണ്ടാന്നുവെക്കാന്‍ പറ്റൂ.. ന്നെ ആണെങ്കില്‍ അങ്ങട്ട് വിളിക്ക്ണൂ ല്യാ. എത്ര ചെറുപ്രായക്കാരെ അങ്ങേരു കണ്ണീരു വീഴ്ത്താന്‍ എടുക്കണ്.. ന്റെ കൃഷ്ണാ.. ന്നേ അങ്ങട് വിളിച്ചൂടെ.. ഇന്നലെ രണ്ടും കൂടി എന്തൊക്കെയോ അങ്ങട്ടും ഇങ്ങട്ടും പറഞ്ഞു വഴക്കുണ്ടാക്കാണ കണ്ടൂ.. ദാരിദ്ര്യം വഴക്കിനു വല്യൊരു കാരണാ ന്റെ ലെക്ഷ്മ്യ.. ന്താവോ കാലത്തെണീറ്റപ്പോ അവന്‍ അടുത്തുവന്നു ചോയിച്ചു.. അമ്മേ ഗുരുവായൂര്‍ക്ക് ഒന്ന് പോവാം.. കൊറേ നാളായില്ലേ അമ്മ പറേണൂ.. പറേമ്പോ അവന്‍ മൊകത്ത് നോക്കണില്യാ.. പണ്ട് ശര്‍ക്കര വഴിയില്‍ വെച്ച് പൊതിയഴിച്ചു തിന്നത് കയ്യോടെ പിടിച്ചപ്പോള്‍ കണ്ട ആ കള്ളത്തരം അവന്റെ മൊകത്തു ഇന്നും കണ്ടു. എന്തെങ്കിലും ആവട്ടെ.. നിക്ക് സന്തോഷായി. ബാക്കി വന്നിട്ട് പറയാം ട്ടോ ലെക്ഷ്മ്യെ.. പ്രസാദം കൊണ്ടരാം...
" കൃഷ്ണാ, ഗുരുവായൂരപ്പാ.." രണ്ടുപേരും ഒരുമിച്ചു പറഞ്ഞു.
അവന്‍ ബസ്സില്‍ അടുത്തിരുന്നെങ്കിലും വലിയ അകലത്തിലായിപോയെന്നു തോന്നി. ബസ്സിന്റെ വേഗത്തില്‍ വീശിയടിക്കുന്ന കാറ്റില്‍ അവന്റെ വിളര്‍ത്തു വെളുത്തിരിക്കുന്ന മുഖത്ത് അരുതായ്കയുടെ അടയാളങ്ങള്‍ ഉള്ളത്പോലെ തോന്നി. ഇടക്കെപ്പഴോ അവനൊന്നു കണ്ണ് തുടച്ചുവോ.. അതോ എനിക്ക് തോന്നിയതോ.. അവനു വയസാവുന്നു. അകാലത്തില്‍ പാവം നരച്ചുപോയി. കഷണ്ടിയും തെളിയുന്നു. വല്യേ അഹങ്കാരായിരുന്നു അവനു മുടിയുടെ കാര്യത്തില്‍. തിങ്ങി നിറഞ്ഞു നെറ്റി മറച്ചു കിടക്കുന്ന മുടിയാണവന്റെ സൌന്ദര്യം. കിരീടം വെച്ച രാജാവിനെപോലെ അവന്‍ മുടി പിന്നിലേക്ക് ചീകിവെച്ച് തലയുയര്‍ത്തി നടക്കുമായിരുന്നു. . തന്റെ കണ്ണിൻ മുന്‍പിലൂടെ അവന്‍ കമിഴ്ന്നു, മുട്ട്കുത്തി നീങ്ങി, ഇരുന്നു നിരങ്ങി എണീറ്റ് നിന്ന്. ജീവിതഭാരങ്ങളും വിശപ്പും ഇവനെ കാണുമ്പോള്‍ പോയിമറയുമായിരുന്നു. അമ്മ്യാര്‍ മഠങ്ങളില്‍ പണിയെടുത്തു, ഉപ്പും പുളിയും എരിവുമില്ലാത്ത തണുത്ത ഭക്ഷണം കൊണ്ട് വരുമ്പോഴേക്കും അവന്‍ കളിച്ചും എന്നെ കാണാതെ കരഞ്ഞും ഉറങ്ങി കാണും. ചിലപ്പോള്‍ വഴികണ്ണുമായി കാത്തരിക്കുന്നുണ്ടാവും. കുടിച്ചാലും ഇല്ലെങ്കിലും അവന്റെ വായില്‍ മുലകണ്ണു തിരുകിവെച്ചു അരുകില്‍ കിടക്കുംബോള്‍ വേദനകള്‍ വെണ്ണപോലൊരുകും. അവനു കൊടുക്കാന്‍ കഴിയാതെ പോകുന്ന സൌകര്യങ്ങളില്‍ മനം നോവും. ചുരത്തിയ അമ്മിഞ്ഞപാല്‍ കുടിക്കാതെ അവന്റെ ചുണ്ടുകളില്‍ നിന്ന് താഴോട്ടോഴുകും. അതില്‍ കണ്ണുനീര്‍ വീണു ജീവിതമധുരത്തിന്റെ നറുംപാലില്‍ കഷ്ടപ്പാടുകളുടെ ഉപ്പു കലര്‍ത്തും. അവന്‍ ഉറക്കത്തില്‍ ചിരിക്കും. ഞാനത് കണ്ടു ചിരിച്ചു കൊണ്ടുറങ്ങും.
നാല്പത്തിയഞ്ച് വർഷം എത്ര വേഗമാണ് ഓടിപോയത്. അവനിപ്പോള്‍ വയസ്സിനേക്കാള്‍ പ്രായം തോന്നുന്നു. ജീവിതം അതിന്റെ ഭാരം മുതുകിലല്ല തലയിലാണ് വെച്ചത്. നരച്ചു വെളുത്തും അടർന്നപൊഴിഞ്ഞും അതിവേഗം മരുഭൂമിയാവുന്ന തല അവന്റെ ജീവിതയാത്രയുടെ നിറംകെട്ട നിശ്ചലനിരാശാചിത്രമാണ്. അവനെ ഒന്നു മടിയിലിരുത്താന്‍ കഴിഞ്ഞെന്കിലെന്നു വല്ലാതെ കൊതിച്ചു . അകലാനാണെങ്കില്‍ അവന്‍ വളരണ്ടായിരുന്നു . ഞാന്‍ അവന്റെ കയ്യെടുത്ത് മടിയില്‍ വെച്ചു, അവന്റെ തോളിലേക്ക് ചാഞ്ഞിരുന്നു.
"അമ്മേ ഗുരുവായൂരെത്തി.."
അവനെ ശബ്ദത്തിന് പണ്ടെങ്ങോ കേട്ട് മറന്ന ഇടര്‍ച്ച. എപ്പഴോ പിന്നിട്ട വര്‍ഷങ്ങളിലേക്ക് നടക്കുന്നതിനിടയില്‍ മയങ്ങി പോയിരുന്നു. ഭഗവാന്‍ വെറുതെയല്ല തന്റെ പ്രാര്‍ഥനകള്‍ കേള്‍ക്കാന്‍ കഴിയാത്തത് എന്ന് അവിടുത്തെ ജനസാഗരം കണ്ടപ്പോള്‍ തോന്നി. അവന്‍ അകത്തു കയറിയില്ല. നൂറുതവണ ഉള്ളില്‍ പോയി പറഞ്ഞിട്ടും അവനെ കരകയറ്റാത്തതിന്റെ പ്രതികാരം തീര്‍ക്കുകയാണ് ഉള്ളില്‍ കയറാതെ. തനിക്കു ചിരി വന്നു. കാരണം രണ്ടു കാലുകള്‍ ഇല്ലാതെ ഒരു മനുഷ്യന്‍ നിരങ്ങി നിരങ്ങി അകത്തേക്ക് പോകുന്നുണ്ടായിരുന്നു. ഇടതടവില്ലാതെ കൃഷ്ണ, കൃഷണ എന്ന് പറഞ്ഞു കൊണ്ട്.
തിരികെ വന്നപ്പോള്‍ മേല്‍പ്പത്തൂര്‍ ഓടിറ്റോറിയത്തില്‍ ഇരിക്കാമെന്ന് പറഞ്ഞ സ്ഥലത്ത് അവനില്ല. സ്റെജില്‍ കുട്ടികളുടെ അരങ്ങേറ്റം നടക്കുന്നു. അത് കാണാന്‍ അടുത്തു പോയതാവും. ഒരു വട്ടം ചിക്കിചികഞ്ഞു നോക്കിയിട്ടും അവനെ കണ്ടില്ല. ചന്ദനവും പഴവും പഞ്ചസാരയും വെണ്ണയും പിടിച്ചു നിലത്തിരുന്നു. നൃത്തങ്ങള്‍ കഴിഞ്ഞപ്പോള്‍ ആളുകള്‍ പിരിഞ്ഞു പോയി. അവനെ കാണുന്നില്ല. വിശക്കുന്നു. കയ്യിലിരുന്ന വെണ്ണ മുഴുവന്‍ ഉരുകിപോയി. സമയം ഒരുപാടായി. തന്റെ കണ്ണുകള്‍ തിരഞ്ഞു കൊണ്ടിരിക്കുന്നത് കണ്ടു അടുത്തുള്ള ഏകദേശം തന്റെ പ്രായം വരുന്ന ദൈന്യത്തിന്റെ മനുഷ്യരൂപം ചോദിച്ചു..
മകനെ നോക്കാണോ..
അതെ..
അമ്മയുടെ മകന്‍ ഇനി വരൂം ന്നു തോന്നണില്യാ.. ക രണ്ടു വര്ഷം മുന്‍പ് എന്റെ മകനും എന്നെ ഭഗവാനു സമര്‍പ്പിച്ചു പോയതാണ്. പിന്നെ ഇതുവരെ വന്നില്യാ..
തരിച്ചിരുന്നു പോയി. ഉള്ളൊന്നു പിടഞ്ഞു പുകഞ്ഞു. അങ്ങിനെ ഒരു മകന്‍ ചെയ്യ്വോ.. പറഞ്ഞു.
ഹേ...യ്,.. ന്റെ മോന്‍ വരും. അവന്‍ ആരെയെങ്കിലും കണ്ടു കാണും.. കൂട്ടുകാരെ. അതാവും. അതാവും..വരും.. എത്ര വൈക്യാലും..
അവര്‍ ഒരു പുച്ഛചിരി ചിരിച്ചു.. പിന്നെ നാരായണ, നാരായണ എന്ന് മന്ത്രിച്ചു ഭാഗവാന്റെ നേരെ തിരിഞ്ഞിരുന്നു. സന്ധ്യയായി. അവര്‍ പ്രസാദം കഴിക്കാന്‍ ക്യൂ നില്ക്കാന്‍ വിളിച്ചപോള്‍ പോയില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ അവന്‍ വിയര്‍ത്തു കുളിച്ചു വന്നു..
നീയെവിട്യാര്‍ന്നു.. ? സങ്കടം വാക്കുകളെ വിഴുങ്ങാതിരിക്കാന്‍ പാടുപ്പെട്ടു.
ഞാന്‍.. ഞാന്‍. ന്റെ ഒരു ഫ്രെണ്ടിന്ടെ കണ്ടു അവൻറ്റെ അമ്മയെ കാണാൻ പോയി.. മ്മക്ക് പോവാം..
എന്തോ അപ്പഴും അവന്‍ മുഖത്തേക്ക് നോക്കിയില്ല. അരുതായ്കയുടെ, തെറ്റിന്റെ, കുറ്റബോധത്തിന്റെ നിഴലുകള്‍ വീണ അവന്റെ മുഖം താഴ്ന്നു തന്നെ കിടന്നു. ഉണങ്ങിപ്പോയ ചന്ദനമെടുത്ത് നെറ്റിയിൽ തേച്ചുകൊടുക്കുമ്പോഴവൻറ്റെ കണ്ണു നിറഞ്ഞു. അവനങ്ങനെയാണ്. ഇത്തിരി മതി. വരാൻ വൈകിയതിൻറ്റെ വെഷമാവും.
തിരികെ ബസ്സില്‍ പോരുമ്പോള്‍ പുതിയതായി തുടങ്ങിയ ആശുപത്രിയുടെ മുന്‍പിലെ സ്റ്റോപ്പില്‍ ബസ് നിര്‍ത്തി. പഴയ ആശുപത്രി ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ആക്കി. ഡോക്ടറാവാന്‍ പഠിപ്പിക്കുന്നുണ്ട്. പ്രൈവറ്റ് ബസ്സുകള്‍ ഇതിനു മുന്‍പില്‍ കുറച്ചു നേരം നിര്‍ത്തിയിടും. നല്ല ചൂടുണ്ട്. നേരിയതു കൊണ്ട് വീശി വെറുതെ അവിടെ സ്ഥാപിച്ച ബോര്‍ഡുകള്‍ വായിക്കാന്‍ ശ്രമിച്ചു. പലതും വായിക്കുന്നതിന്റെ കൂട്ടത്തില്‍ ഒരു ബോര്‍ഡ് കണ്ണിലുടക്കി..
" പഠനത്തിന്റെ ഭാഗമായി ഉപയോഗിക്കാന്‍ മൃതശരീരങ്ങള്‍ ആവശ്യമുണ്ട്. അംഗഭംഗം വരാത്ത മൃതശരീരങ്ങള്‍ക്ക് ഒരു ലക്ഷം വരെ നല്‍കുന്നതാണ്.. "
ഒരു ആന്തല്‍ നെഞ്ചിനുള്ളില്‍ എരിഞ്ഞു പൊങ്ങി. കണ്ണുകള്‍ ചുളിച്ചു ഒന്നുകൂടെ വായിച്ചു. പതിയെ മകനിരിക്കുന്ന ഭാഗത്തേക്ക് തിരിഞ്ഞു നോക്കി. ജീവിതം തലച്ചുമടാക്കി നടന്നു വലഞ്ഞു വരണ്ട തല മുന്നിലെ കുറുകെയുള്ള കമ്പിയില്‍ വെച്ച് കണ്ണടച്ഛവനിരിക്കുന്നു.. അവന്‍ കണ്ടുകാണില്ല ഇതെന്ന് പറഞ്ഞുറപ്പിക്കാന്‍ ശ്രമിച്ചു. അവനു കഫകെട്ടു വന്നു ന്യുമോണിയായി ശ്വാസംമുട്ടി കിടന്ന ദിവസങ്ങളില്‍ കണ്ണീര്‍ വറ്റാതെ, രാത്രികളില്‍ ഒരുപോള ഇമയടക്കാതെ
വിശപ്പും ദാഹവും മറന്നു,
അവനെതന്നെ നോക്കിയിരുന്നു വെളുപ്പിച്ച രാത്രികള്‍ പെട്ടെന്ന് മനസ്സില്‍ മിന്നിതെളിഞ്ഞു. അവനിതു കണ്ടിട്ടുണ്ടാവരുതെ എന്ന് പ്രാര്‍ത്ഥിച്ചു തളരുന്ന മനസ്സിനെ സാന്ത്വനപ്പെടുത്തി,
സ്റ്റോപ്പില്‍ മടിയിലിരുത്തി മധുരനാരങ്ങയുടെ അല്ലിയടര്‍ത്തി കുരുക്കളെടുത്തു കളഞ്ഞു മകന്റെ വായിലിട്ടു കൊടുക്കുന്ന അമ്മയുടെ നനവും തുടിപ്പും കലര്‍ന്ന മുഖത്തെ നിര്‍വൃതിയെ കണ്‍നിറയെ കണ്ട സുഖം അയവിറക്കി,
മേടത്തിലെ പുഴുക്കത്തെ നേരിയതിന്റെ തലപ്പ് കൊണ്ട് വീശിയകറ്റി
ഉരുണ്ടുവരുന്ന നീർമണികള്‍ക്ക് തടയണ കെട്ടാന്‍ ഇമയടച്ച് കമ്പിയിലേക്ക് തലചായ്ച്ചിരുന്നു.
No comments:
Post a Comment